Monday, November 15, 2010

കുഞ്ഞാന്‍

കുഞ്ഞാന്‍

മുറികയ്യന്‍ നിക്കറുമിട്ട്‌ മൂക്കില്‍നിന്നും ഒലിച്ചിറങ്ങുന്ന ചീരാപ്പും തുടച്ചു നടന്നു നീങ്ങുന്ന ഒരു പയ്യന്‍ . ചേന്നമംഗല്ലുര്‍ അങ്ങാടിയില്‍ പലരെയും കണ്ടു, പലരെയും ഓര്‍ത്തു വെച്ചു .
മണ്ണടിഞ്ഞു പോയ അവരില്‍ പലരെയും എന്തുകൊണ്ടോ മനസ്സില്‍ സൂക്ഷിച്ചുവെക്കുന്നു . വിളിക്കാതെ പലപ്പോഴും അവര്‍ മനസ്സിന്റെ ജാലകത്തിലൂടെ എത്തി നോക്കുന്നു. വിളിക്കാതെ വരുന്ന ഈ അതിഥികളെ സ്വീകരിക്കാതെ എന്ത് ചെയ്യും ?
ത്രിക്കേത്ത് കുഞ്ഞാന്‍ . ഞങ്ങളുടെ കുളികടവിന്റെ അടുത്തായിരുന്നു വീട്.
ഒരു ബീഡിയും ഒരു ചായയും അതിലപ്പുറം മോഹങ്ങള്‍ ഒന്നും ഉണ്ടായിരുന്നതായി അറിയില്ല . അത് കൊണ്ടു ആര് വിളിച്ചാലും കുഞ്ഞാന്‍ പോയി ജോലി ചെയ്തു കൊടുക്കും .കിട്ടിയത് വാങ്ങും . പരാതിയില്ല പരിഭവമില്ല. കരുത്തനായിരുന്നു കുഞ്ഞാന്‍ . കുഞ്ഞാനെ അധിക സമയവും ഞങ്ങള്‍ കണ്ടിരുന്നത്‌ കറുത്തേടത്ത് അയമുട്ടിക്കയുടെ ചായമാക്കാനിയുടെ പിന്നാമ്പുറത്തെ വിറകു കെട്ടുകള്‍ക്കിടയിലാണ്. വേശം ഒരു കള്ളിമുണ്ടും തലേക്കെട്ടും മാത്രം. ജോലി ചെയ്യുന്നതിനിടയില്‍ മറ്റാരങ്കിലും വിളിച്ചാല്‍ കുഞ്ഞാന്‍ അത് നിര്‍ത്തി അവരുടെ കൂടെ പോവും. ഇതിന്റെ പേരില്‍ തൊട്ടടുത്തെ ആയിശുംമ്മയോട് അയമുട്ടിക്ക കയര്‍ക്കും. എന്നാലും നാട്ടുകാര്‍ കുഞാനെ പരമാവധി ഉപയോഗപ്പെടുത്തി . മീന്‍ വാങ്ങാന്‍ , വെള്ളം കോരാന്‍, പാത്രം കഴുകാന്‍, കല്യാണത്തിന് വിഭവമൊരുക്കാന്‍ എന്തിനും കുഞാന്റെ സേവനം ഉണ്ടായിരിക്കും.
അന്നൊരു നാള്‍ നാട്ടില്‍ പേപ്പട്ടികളുടെ ശല്യം വറ്ദ്ധിച്ചിരുന്ന സമയം.
ഞങ്ങളുടെ കുഞ്ഞാന്‍ സാധുബീഡിയും വലിച്ചു രസിച്ചു വരുമ്പോള്‍ , എവിടെ നിന്നോ പാഞ്ഞു വന്ന ഒരു നായ അയാളുടെ ജീവിതത്തിന്നു അതിര്‍ നിഷ്ചയിച്ചു. കുഞ്ഞാന്‍ മരിച്ചു .
ഒരു ജീവിതം , ദൈവം എന്തിന് ഇത്തരം പരീക്ഷണം നടത്തുന്നു ?
പലപ്പോഴും ആലോചിച്ചു പോയിട്ടുണ്ട് . കുഞ്ഞാന്‍, അയാളെ ആര്‍ ഓര്‍ക്കുന്നു.
അയമുട്ടിക്ക ഓര്‍ക്കുമോ. ഇല്ല ആരും ഓര്‍മയില്‍ സൂക്ഷിച്ച്ചില്ലന്കിലും നാടിന്റെ ഓര്‍മയുടെ സിരകളില്‍ കുഞ്ഞാനുണ്ടാവും. ഒരു നേരിയ വേദനയായി.
കുട്ടികാല കൗതുകങ്ങളില്‍ ഇത്തരം നിസ്സഹായ ജീവിതങ്ങള്‍ നോക്കി രസിച്ചു പോയതില്‍ മാപ്പ്.
ഒരു പാടു മാപ്പ്. പൂവന്‍കോഴി അസ്സയിന്‍കുട്ടിയോട് , ബിച്ചുട്ട പിരാന്തനോട് , അക്കരപുഴ കടന്നു വന്നിരുന്നു തുണി അഴിച്ചിട്ട് ഓടുന്ന ചെരുപ്പകാരനോടു . ഗ്രാമത്തിന്റെ ഓര്‍മകളെ സമ്പന്ന മാക്കിയ ഈ കഥാ പാത്രങ്ങള്‍. ഇവരുടെ ജീവിതം എനിക്കൊരു കഥയില്ലായ്മ മാത്രമാണ്.
വേലകടവും , തെയ്യതും കടവും കടന്നു എത്ര പേര്‍ ഈ വഴി , ഈ ഗ്രാമത്തിലൂടെ ഇന്നലകളിലേക്ക് നടന്നു പോയി. പ്രവാസ ജീവിതം വലിചിഴക്കുമ്പോഴും ഇത്തരം ഓര്‍മകള്‍ ഗ്രഹതുരുത്വത്തിന്റെ
നനുത്ത സ്പര്‍ശം ഒരു വല്ലാത്ത സുഖം നല്കുന്നു. ഓര്‍മകള്‍ ബാക്കി നല്‍കാത്ത ഈ ജീവിതം , സ്നേഹന്തിന്റെ പങ്കുവപ്പുകള്‍ ഇല്ലാത്ത നിമിഷങ്ങള്‍ .
ഇവിടയാണ് ഗ്രാമങ്ങള്‍ മരിക്കുന്നത് .

"ഒരു പാട്ടു പാടൂ കുഞാനെ "
കുഞ്ഞാന്‍ പാടുകയായി " കായലരികത്ത് വലയെറിഞ്ഞപ്പോ വള കിലുക്കിയ......"
ഇന്നലുകളുടെ കാല്‍പനിക ലോകത്തേക്ക് കുഞ്ഞാന്‍ നമ്മെ കൂട്ടി കൊണ്ടു പോവുന്നു........

Wednesday, September 9, 2009


മദാന്‍ മാസത്തിലെ ഒരു കേസ് വിസ്താരം.

നജീബ് ചേന്നമങല്ലൂര്‍










കദേശം നാലു പതിറ്റാണ്ടുമുമ്പു ചേന്നമംഗല്ലൂരിലെ ഒരു പറ്റം കുട്ടികള്‍ ( കുരുത്തംകെട്ട) ഒപ്പിച്ച പണി ? അതോര്‍ക്കുമ്പൊള്‍ ഇന്നും ചില കിളവന്മാര്‍ (കുരുത്തം കെട്ട) അതോര്‍ത്തു ചിരിക്കും. അന്നു കിട്ടിയ അടിയുടെ പാടുകള്‍ ഇന്നും പലരും തടവി താലോലിക്കാറുണ്ട്.
ആയിരത്തി തൊള്ളായിരത്തി അറുപത്തഞ്ചു - എഴുപതു കാലഘട്ടങള്‍ നമ്മുടെ മലബാര്‍ പ്രദേശങ്ങളില്‍ നക്സല്‍ പ്രസ്താനം കാര്യമായ സ്വാധീനം ചെലുത്തികൊണ്ടിരിക്കുന്നു. പ്രത്യേകിച്ചും യുവജനങ്ങള്‍ക്കിടയില്‍. കലാലയങളില്‍ ഇതൊരു ഫേഷന്‍ കൂടിയായിരുന്നു
“ അവനൊരു നക്സലാ ആള്. “ നാട്ടിന്‍പുറങ്ങളില്‍ പ്രധാന മക്കാനികളില്‍ ( ഹോട്ടെല്‍) ഇതായിരുന്നു ചര്‍ച്ചാവിഷയം.
ചെറുപ്പക്കാര്‍ പൊതുവെ അസ്വസ്തരായിരുന്നു. എന്നാല്‍ ശരിക്കും മീശമുളക്കാത്ത ചേന്നമംഗല്ലൂരിലെ കുണ്ടന്മാര്‍ അന്നു റമളാന്‍ കാലത്തു ചെയ്തു കൂട്ടിയ പണി. വിശപ്പും പട്ടിണിയും ഈ ഗ്രാമത്തെയും ശരിക്കും ഗ്രസിച്ചിരുന്നു. പാവങ്ങള്‍ക്കു ഉച്ചക്കു കഞിവെച്ചു വിതരണം ചെയ്യുന്ന ഒരു ഏര്‍പ്പാടുണ്ടായിരുന്നു. യു.പി.സ്കൂളിലായിരുന്നു കഞി വെച്ചതും വിതരണം ചെയ്തതും.
റമളാന്‍ മാസം കുട്ടികള്‍ക്കു ഒരു ഉത്സവപ്രതീതിയായിരുന്നു. തറാവീ കഴിയുന്ന വരെ കളിയോട് കളി തന്നെ. നാടായ നാടെല്ലാം ചുറ്റികറങ്ങാം. ആ കറക്കത്തിനിടയില്‍ പഞ്ചായത്ത് കിണറിലെ വെള്ളം കുടിച്ചു ദാഹം മാറ്റാം. ഇരുവഴിഞിയില്‍ നീന്തികളിക്കാം. തോടുകള്‍ അരിച്ചു പെറുക്കി , തെച്ചിക്കായയും തിന്നു ,കുന്നു കയറി ചളുങ്ങാ പഴവും തിന്നു , മോന്തി നേരത്തു- വെടി വെട്ടാന്‍ നേരത്തു കൂടണയാം.
കൊടിയത്തൂര്‍ ജുമാ‍യത്തു പള്ളിയില്‍ നിന്നും കദീനാ വെടിപൊട്ടും.
ഈ യൊരു സഞ്ചാരവേളയിലാണു ഒരു ദിവസം ഒരുത്തന്‍ ഉച്ച നേരത്തു ആടിനെ കഞിവെള്ളം കുടിപ്പിക്കാനാണെന്നും പറഞ്ഞു ഒരു ചെമ്പു കാനകുന്നത്തു നിന്നും കടം വാങ്ങി വന്നതു. തിരിച്ചു വന്നതു പാവങ്ങള്‍ക്കുള്ള കഞിയിലെ അവന്റെ പങ്കുമായിട്ടായിരുന്നു . അതു കൂടുതല്‍ കാലം നീണ്ടു കിട്ടിയില്ല.
ഇന്നത്തെ യു.പി സ്കൂളിന്റെ കുട്ടികളുടെ പാര്‍ക്കിനു പിന്‍ വശം ഒരു ഇടവഴിയായിരുന്നു. ആരും എത്തി നോക്കാന്‍ സാധ്യതയില്ലാത്ത സ്തലം. മേല്‍ഭാഗം പള്ളിയുടെ കെട്ടിടം ഒന്നുമില്ല . വെറും ക്രിഷി ഭൂമി. അവിടെ പലരും പാട്ടത്തിന്നു പൂള(കപ്പ ) നടുമായിരുന്നു.
അന്നു പൂള വിളവെടുക്കാന്‍ പാകമായിട്ടില്ല. വിപരീത കാലെ ...വിനാശ ....
ഒരുവന്റെ തേന്മൊഴി .
“ ഇതു എന്റെ ബാപ്പയുടെ ക്രിഷിയാ നിങള്‍ പറിച്ചൊ. ഒന്നും പേടിക്കേണ്ടാ”
പിന്നെ എല്ലാം പെട്ടെന്നായിരുന്നു. പൂള പറിക്കലും പല്ലു കൊണ്ടു കടിച്ചു തൊലിക്കലും തീ പൂട്ടലും.
മറ്റൊരുത്തന് അപ്പോഴാണു തൊന്നിയതു ഒരു ഉണക്കല്‍ ചുട്ടതും കൂടി ഉണ്ടെങ്കില്‍ . അവന്‍ ഓടി സ്തലത്തെ പ്രധാന ഉണക്കല്‍ വണിക്ക് ചന്ദപ്പായി കടയിലേക്കു. ഹോട്ടല്‍ അന്‍സാരി അന്നു അടവായിരുന്നു. ചന്ദപ്പായി ഒരു നേരിയ തോര്‍ത്തുമുണ്ടും കൌപീനവും മാത്രമേ ധരിക്കൂ. ആദ്യത്തെ അറിയപ്പെടും വൈദ്യരും കൂടിയാ ആള്‍. അല്പം മന്ദ്രവാദ ചികിത്സയും ഉണ്ടായിരുന്നു. എന്നെ ഒരിക്കല്‍ മന്ദ്രിച്ചൂതിയ തുപ്പല്‍ മുഖത്തു ഇപ്പോഴും പറ്റികിടക്കുന്ന പോലെ.
അതിനിടയില്‍ ഈ ‘കുരുത്തന്‍ കെട്ടവന്മാര്‍‘ ഒരു കാര്യം മറന്നു. പറങ്ങോടന്റെ ഏണി ചാരി വെക്കുന്ന സ്വകാര്യ സ്തലമാണു കയ്യേറിയത്. ഏണി ചാരി വെക്കാന്‍ വന്ന അയാള്‍ കണ്ടത് കുറെ കുട്ടികള്‍ അടുപ്പിലൂതുന്നതാ. ഉടന്‍ ചന്ദപ്പായി നാട്ടിലെ പ്രധാന മസാല കം തുണി പീടിക ഉടമ കെ.ടി അഹമദ് കുട്ടികാക്കയുടെ അടുത്ത് ചെന്നു റിപ്പോര്‍ട്ട് നല്‍കി.
“ അയമുട്ട്യാപ്ലേ സ്കൂ‍ളിന്റെ വയ്യിലെ എടായിന്ന് കുട്ടിള് എന്തൊ വെച്ചിണ്ടാക്ക്ണ്ടു “
ഉടന്‍ അതാ ഒരു ഗ്രാമ സംഘം സ്കൂള്‍ ഇടവഴിയിലേക്കു. ഞങളുടെ ചാരമാര്‍ കുഴപ്പം മണത്തറിഞ്ഞു.
പിന്നെ എല്ലാം ഉപേക്ഷിച്ചു ജീവനും കൊണ്ടോടുകയായിരുന്നു.
ചെമ്പും മറ്റു തൊണ്ടിമുതലുമായി അയമുട്ട്യാക്ക അങാടി മധ്യത്തില്‍ നിന്നു. പറങ്ങോടന്‍ എല്ലാം വിസ്തരിക്കുന്നു. ഇന്നോടുത്ത് വീട്ടില്‍ ഇന്നോരുടെ മകന്‍........ഏഴോളം പുള്ളികള്‍.
മതി -ഇനി കേസ് ഫയല്‍ മറിക്കാന്‍ വയ്യ. പഴയ കാലത്തിന്റെ കൌമാര ചാപല്യങ്ങള്‍ , അതിനു കിട്ടിയ ശിക്ഷ . എല്ലാം മറക്കാന്‍ പാടില്ലല്ലോ .ആ ശിക്ഷകള്‍ ഗ്വാണ്ടിനാമോ തടവറകളേക്കള്‍ ഭയാനകം. ഇതൊക്കെ അന്നത്തെ ത്രില്‍. അന്നു ഞങ്ങള്‍ക്കു നാട്ടുകാര്‍ കല്‍പ്പിച്ചു തന്ന പേരായിരുന്നു. ‘പൂളല്‍ ബാരികള്‍.‘
അന്നത്തെ കുട്ടികാലത്തിനു ഓര്‍മകളില്‍ വല്ലാത്ത സ്താനമാണു. പ്രധാന സാക്ഷി പറങ്ങോടന്‍ - കുന്നിന്‍ ചെരുവിലെ താമസക്കാരന്‍ , നാട്ടിലെ പ്രധാന തെങ്ങു കയറ്റക്കാരന്‍ , കള്ളുചെത്തും രഹസ്യമായി വില്പനയും നടത്തിയ നടുഅല്പം വളഞ ആള്‍. ഇവരൊക്കെ ഈ ഗ്രാമത്തില്‍ ജീവിച്ചു മരിച്ചവരാണു. ഇതു പോലെ കൊച്ചു കൊച്ചു തെമ്മാടിത്തങ്ങള്‍ പലതും . ഏതൊ ഒരു നോവലില്‍ വീടുകളിലെ കലണ്ടര്‍ രാത്രി പോയി മാറ്റി വെക്കുന്ന വിരുതന്മരെ ഓര്‍ത്തു പോയി. ( എന്‍. പി .മുഹമ്മദിന്റെ നോവല്‍ )
ഗോപാലന്റെ ( ഇലക്റ്റ്രിസിറ്റി) അച്ചന്‍ കീരന്‍ ഒരിക്കല്‍ എന്റെ അനുജനോട് പറഞ്ഞു
“ ഇതേതാ കൊല്ലം--- നൈന്റീന്‍ സെവെന്റി സെവനാ.... ഓര്‍മ വെച്ചോ ?
ഇത്തരം കൌമാര ബാല്യ വിക്രിതികള്‍ ഓര്‍ത്തു വെക്കാന്‍ രണ്ടായിരാമാണ്ടു പിന്നിട്ടവര്‍ക്കാകുമോ ?
ഈ ഏറ്റു പറച്ചിലുകള്‍ക്കു പിന്നില്‍ ഒരു താല്പര്യവും കാണുന്നില്ലേ. ഞങ്ങളുടെ കൌമാര കാലത്തിനു മാപ്പു കൊടുക്കാന്‍ നിങ്ങള്‍ക്കാവില്ലേ ?
ഇരുവഴിഞിയില്‍ കെട്ടഴിച്ചു വിട്ട കടത്തു തോണി പോലെ ...ഈ ജീവിതം അങ്ങിനെ ഒഴുകി കൊണ്ടിരിക്കുന്നു.
( പ്രേരണ : ഫൈസുല്‍ ഹക്ക് -ഖത്തര്‍ )

Friday, August 21, 2009

ഓര്‍മകളില്‍ ഇവര്‍ ഇപ്പൊഴും.....

മുക്കത്തേയും പരിസര പ്രദേശങളുടെയും ബന്ധപ്പെടുത്തി കൊണ്ട് ധാരാളം വാമൊഴികള്‍ മറ്റു പൂരാണങള്‍ ഓര്‍മയില്‍ തങ്ങി നിലക്കാരുണ്ട്. ചില വ്യക്തികള്‍ നമ്മുടെ മനസ്സില്‍ ആഴത്തില്‍ പതിഞു നില്‍ക്കുന്നുണ്ടാവും. ഓര്‍മകളില്‍ അത്തരം ചില പേരുകള്‍ പേടി പെടുത്തുന്നുണ്ടാവും.
ബാല്യ കാലങ്ങളില്‍ നാമെല്ലാം കൊച്ചനുജന്മാരെ തൊട്ടിലില്‍ കിടത്തി താരാട്ടു പാടും
ലാ ഇലാഹ ഇല്ലല്ലഹാ ,, ചൊല്ലുന്ന കുട്ടിക്കു പൊന്‍ വള കൊണ്ടൊരു തട്ടാനെ....

പാടി പാടി തളര്‍ന്നിട്ടും കുഞു ഉറങിയില്ലെങ്കില്‍ പിന്നെ “ മോന്‍ വേഗം ഉറങ്ങിക്കൊ.. പോക്കരാക്ക വരും “
ഈ പോക്കരാക്ക ആരായിരുന്നു. ചാലിയാറിന്റെ തീരങളില്‍ എവിടെയൊ ജീവിച്ചു മരിച്ച ഒരു വ്യക്തി. അവന്‍ വലുതായപ്പോഴും ആര ഉമ്മാ ഈ പോക്കരാക്ക എന്നു ചൊദിച്ചു കാണില്ല. പകരം അവനെ പേടി പെടുത്തിയതു അസൈങ്കുട്ടിയും വേലങ്കടവില്‍ നിന്നും ഉടുമുണ്ടു അഴിചെറിഞു വരാറുള്ള ഒരു ചെറുപ്പക്കാരന്‍.
മുക്കം ഭാഗത്തു നിന്നും അസൈന്‍ കുട്ടി വന്നാല്‍ ചേന്നമങല്ലൂരിലെ ചെക്കന്മര്‍ക്കു പിന്നെ പണിയൊന്നും വേണ്ടാ. അവന്റെ പിന്നാലെ “ പൂവങ്കോഴി ...കൊക്കക്കൊ കൊ “ എന്നു വിളിച്ചു ഓടും. അവനെ വെറുതെ ചൂടു പിടിപ്പിക്കുക വലിയവര്‍ക്കും ഒരു തമാശയായിരുന്നു. അസൈന്‍ കുട്ടിയുടെ വായില്‍ നിന്നും കേള്‍ക്കുന്ന തെറി ആര്‍ക്കും ഒരു വിഷയമായിരുന്നില്ല.
ത്രിക്കേത്തു കുഞാന്‍ ചെന്നമങല്ലൂ‍രിന്റെ മാത്രമായിരുന്നു. കുഞാന്‍ സാധു ബീഢി ഏറെ സയൂജ്യത്തോടെ ആഞു വലിക്കുന്നതു കാണാന്‍ വലിയ ഹരമായിരുന്നു. അവസാനം തീ കൈയില്‍ തട്ടുമ്പൊഴെ എറിയൂ. കുഞാണ്‍ ആര്‍ക്കും ഒരു പരോപകാരിയായിരുന്നു. വിറകു കീറാനും വെള്ളം കോരാനും ഹോട്ടലുകാര്‍ക്കു കുഞാനെ വേണം. വേതനം വളരെ നിസ്സാരം. ചിലപ്പോള്‍ ഒരു കെട്ടു സാധു ബീഠിയും ഒരു ചായയും. കുഞാന്‍ മരിച്ചതു പേപട്ടി കടിച്ചാണെന്നു തോന്നുന്നു.
പാഴൂരില്‍ നിന്നും ശര വേഗത്തില്‍ ഓടി വന്നു പള്ളി പറമ്പിലെ ചീനി മരത്തില്‍ കയറി ബാങ്കു വിളിക്കാറുള്ള ബിചുട്ട . മൂപ്പര്‍ക്കു ചേന്നമങല്ലൂര്‍ക്കാരെ കണ്ടുകൂടാ. ഇവിടെ എത്തിയാല്‍ പിന്നെ ‘ ഏ കാഫിരീട്ടിങളെ..... നിങളൊക്കെ നരകത്തിലാണു...” ആദ്യ കാലത്തു മതത്തില്‍ പരിഷ്കരണ ചിന്തകള്‍ മുള പൊട്ടുന്നതു ചേന്നമങല്ലൂരില്‍ നിന്നാണു. പാഴൂര്‍, മാവൂര്‍ പോലെയുള്ള ഭാഗങ്ങ്ലില്‍ ആണ്ടും നേര്‍ച്ചയും റാതീബും എല്ലാം ഉണ്ടാവാറുണ്ടു. പക്ഷെ ഇവിടെ അതൊന്നും കണ്ടിരുന്നില്ല. ആദ്യ കാലങളില്‍ കളത്തിങ്ങള്‍ കുട്ടിഹസ്സന്‍ അധികാരി പൊലെയുള്ളവര്‍ ജീവിത്ത്തില്‍ മൊത്തമായി ഒരു പരിഷ്കരണം തേടിയവര്‍ ആയിരുന്നു. അതു കൊണ്ടു തന്നെ ബുദ്ധിയുള്ളവരും ബുദ്ധിക്കു തളര്‍ച്ച വന്നവരും ചേന്നമംഗല്ലൂരിനെ പലപ്പോഴും തെറിവിളിച്ചു.
മുക്കത്തേയും ചേന്നമംഗല്ലൂരിനെയും പരസ്പരം ബന്ധപെടുത്തി കൊണ്ടിരുന്ന ഒരു വ്യക്തിയായിരുന്നു ശിപായി കുട്ട്യേമുകാക്ക. മുമ്പ് നോമ്പിനും പെരുന്നാളിനും മാസപിറവി ഉറപ്പിച്ചാല്‍ ആ വിവരം കുട്ട്യേമുക്ക വഴി മുക്കത്തു നിന്നും പ്രമാണിമാര്‍ വഴി ഇവിടെ എത്തും. പിന്നെ എല്ലാ ടെലഗ്രാം
( കമ്പി) എത്തേണ്ടടത്തു എത്തിച്ചു കൊടുക്കും. കാക്കയി അബ്ദുറ്ഹിമാന്റെ പിതാവായിരുന്നു കുട്ട്യേമുക്ക.
തലയില്‍ കാക്കി കെട്ടുമായി വളരേ വേഗത്തില്‍ നടന്നു നീങുന്ന പലരുടെയും ഓര്‍മകളില്‍ ഇപ്പോഴും കാണും.
റമളാന്‍ മാസം അടുത്താല്‍ പിന്നെ വയളുപരമ്പരയാണു. രാത്രി വളരെ നേരം തുടരും. മുക്കത്തു നിന്നും കൊടിയത്തൂരു നിന്നും ആളുകള്‍ വരും. കൂട്ടത്തില്‍ കുട്ടികള്‍ വരും ,കളിക്കാനായി മാത്രം.
അവരോടൊപ്പം നടത്തിയിരുന്ന കുസ്രുതികള്‍ . സുന്നി -ജമാ‍യത്തു വാദപ്രതിവാദം . ഉച്ചഭാഷിണിയും ഉണ്ടായിരിക്കുന്നതാണു. അന്നത്തെ പ്രത്യേക അറിയിപ്പയിരുന്നു അതു.
നോമ്പുകാലം . രാത്രിയും പകലും ബഹു രസം. ഇരുവഴിഞിയുടെ ഓരങ്ങളില്‍ ഓര്‍മകുളുടെ പൂക്കാലം. കവിങിന്‍ തൊപ്പിലും കടവത്തുമൊക്കെ ഉയര്‍ന്നുവരുന്ന പ്രത്യേക മക്കാനികള്‍. നൊമ്പു നോല്‍ക്കാതവര്‍ ഒത്തുകൂടുന്ന ഇടം.
അന്നു എപ്പോഴും ഒരു നിഴല്‍ പോലെ കൂടെ ഉണ്ടായിരുന്ന മുനീര്‍ വിട്ടു പിരിഞതു സഹിക്കാന്‍ വളരെ പ്രയാസപെട്ടു. കൂടെ ഉണ്ടായിരുന്നവര്‍ നേരത്തെ വിട്ടുപിരിയുന്നതു കാണേണ്ടി വരിക. ബേബി ഹോസ്പിറ്റലില്‍ ചെന്നു കണ്ടപ്പോള്‍ നല്ല ഉറക്കമാണന്നെ തോന്നിയുള്ളൂ. പക്ഷെ അവന്‍ വളരെ നേരത്തെ പൊയ്കളഞു. ഒരു പാടു ഓര്‍മകളുടെ ഓരങ്ങളില്‍ നീയും എന്നും കാണും.
അതു പോലെ നേരത്തെ പൊയ മറ്റൊരു കളിക്കൂട്ടുകാരനായിരുന്നു. മൊയിനാക്കയുടെ മകന്‍ ഒസ്സാന്‍ മജീദ്. അവസാന നാളുകളില്‍ പാഴൂരിലായിരുന്നു താമസിച്ചതും ജോലിചെയ്തതും. ചെറുപ്പ കാലങ്ങളിലെ നാടക വേദികളില്‍ സ്തിരമായി ഗാധ്ഹി വേഷം ചെയതിരുന്ന മജീദ്. ഗന്ധിജിയുടെ മുഖമായിരുന്നു അവനു.
ചേന്നമംഗല്ലൂരിലെ ഹോസ്റ്റള്‍ കുട്ടികളുമായി അടിയുണ്ടാക്കാന്‍ എന്നും മുന്‍പന്തിയില്‍ ഉണ്ടായിരുന്നു മുനീരും മജീദും വഹാബും തേക്കുമ്പാലിയുമൊക്കെ.
ഈ സ്കൂള്‍ വിട്ടു ആറാം തരത്തില്‍ ചേരാന്‍ പോയതു കുറ്റിചിറയിലേക്കാണു. അന്നു എന്റെ ബാപ്പ അവിടെ ഒരു അറബി അധ്യാപകനായിരുന്നു. ഞങ്ങള്‍ താമസിച്ചതു കുട്ടിചിറ പുളിയുടെ ചോട്ടില്‍ ഒരു വാടക വീട്ടില്‍ ആയിരുന്നു. രണ്ടു വര്‍ഷം. അന്നാണു ആദ്യമായാണു കടപ്പുറത്തു കാട്ടറബികളെ കാണുന്നതു . വലിയ ലോഞ്ചുകളില്‍ അറേബ്യയില്‍ നിന്നും കാരക്ക വരും . അതു അവിടെയുള്ള കടല്‍ പാലത്തില്‍ ഇറക്കും. പിന്നെ ലോറി വഴീ ഗോഡൌണില്‍ എത്തും. കാരക്ക വട്ടി പൊട്ടിയാല്‍ തുരു തുരെ കാരക്ക മഴ. അതു പെറുക്കിയെടുക്കാന്‍ കൂട്ടുകാര്‍കൊപ്പം. അന്നു കുറ്റിചിറയിലെ കുട്ടികള്‍ കൊഴിക്കോടെ പേരു കേട്ട തെറിചവന്മാര്‍ തന്നെ. ഹറാതെ . സുവറെ എന്ന തെറി പദങള്‍ ഞാന്‍ ആദ്യമായി കേള്‍ക്കുകയായിരുന്നു. അവരുടെ ഈ ഞാന്‍ ഒന്നുമല്ല. എന്നെ അവര്‍ ആദ്യം വിളിച്ചതു കിഴക്കന്‍ എന്നായിരുന്നു. ആദ്യമ്മയി അവര്‍ എന്നെ സ്വീകരിച്ചതു കടപ്പുരത്തു കളിച്ചു കൊണ്ടിരിക്കുമ്പോള്‍ പിടി കൂടി. ഈ കിഴക്കനെ പിടിച്ചു കിടത്തി പിന്‍ ദ്വാരത്തിലൂടെ കടപ്പുരത്തെ പൂഴി അടിച്ചു കയറ്റി.
.......അതൊന്നു പുറത്ത് പോയി കിട്ടാന്‍ ഞാന്‍ പെട്ട പാട്.
ഹെഡ് ഓഫീസിന്ന് പിന്‍ വശത്തെ വാടക വീടുകള്‍. തീവണ്ടിയും റെയിലും ഇതൊക്കെ സുപരിചിതമായ ചുറ്റുപടുകള്‍. ഒരിക്കല്‍ പാളയത്തിലെ സിഗ്നല്‍ കമ്പികള്‍ പിടിച്ചു വെച്ചതിനു വാച്ച്മാന്‍ പിടിച്ചു വച്ചതു. ഈ ശ്വരമംഗല പറമ്പിലെ താമസത്തിനിടയിലാണു തേവര്‍മണ്ണിലെ ഖാലിദ് ഒരിക്കല്‍ എന്നെ ഒരു വീട്ടില്‍ കൂട്ടി കൊണ്ടു പോയി. ഒരു പൊക്കം കൂടിയ മനുഷ്യന്‍ . അതു ബിച്ചമ്മതു ഹാജിയായിരുന്നു. കോണ്‍ഗ്രസ്സിന്റെ ഡി.സി.സി പ്രസിഡേന്റായിരുന്നു. പരേതനായ ഇ.പി. അബ്ദുവും കുറെ കാലം ഇവിടെ താമസിച്ചിരുന്നു. അദ്ദേഹം ഹോമിയൊ ചികിത്സയും നടത്തിയിരുന്നു.
കുറ്റിച്ചിറ തന്നെയാണ് എന്നും ആശ്ചര്യമായി മനസ്സില്‍ കുടിയിരിക്കുന്നത്. അവിടത്തെ കുളം അതിനു ചുട്ടും കുറെ പഴയ തറവാടുകള്‍. പല വീട്ടിലും അറബി കല്യാണത്തിലൂടെ പിറന്ന മക്കല്‍ ഉണ്ടായിരുന്നു.
കൂട്ടുകുടുംബത്തിന്റെ സുഖവും ദുംഖവും അവിടെ നേരില്‍ കണ്ടൈരുന്നു. നെഞത്തു പലക കൊണ്ടു അടിച്ചു ആര്‍ത്തു വിളിക്കുന്ന ആയിഷബി താ . അവെരെ എന്നൊ ഭര്‍ത്താവ് ഉപേക്ഷിച്ചു പോയതാണു.
നാട്ടില്‍ നിന്നു പലരെയും പട്ടണം കാണാന്‍ കൊണ്ടു വന്നിരുന്നു. സേട്ടു നാഗജി കുട കമ്പനിയുടെ കെട്ടിടത്തിനു അരികില്‍ നിന്നും തിരിഞ്ഞു ഇടവഴികളിലൂടെ കുറ്റിച്ചിറയിലെത്തുമ്പോള്‍ പല കഴകളും അവരെ അല്‍ഭുതപെടുത്തിയിരുന്നു. വലിയവരും കുട്ടികളും ഇടവഴിയുടെ ഇരുവശവും ഇരുന്നു കര്‍മം നിര്‍വഹിക്കുന്ന കാശ്ച്ച അവര്‍ മറന്നു കാണില്ല. അവസാനം കുറ്റിച്ചിറയിലെ പച്ച പായല്‍ നിറഞ്ഞ കുളത്തില്‍ ഒരു കുളി. ഇപ്പൊഴും ആ പഴയ കുറ്റിച്ചിറ പള്ളി എല്ലാറ്റിനും സാക്ഷിയായി അതെ രൂപത്തില്‍ നിലകൊള്ളുന്നു.

Wednesday, November 5, 2008

മാറ്റം അനിവാര്യം .

കഴിഞ്ഞ ദശകം കണ്ട ഏറ്റവും പ്രധാനപ്പെട്ട ഒരു ദാരുണ സംഭവമായിരുന്നു ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈന്റെ വധം . ലോകം ഞെട്ടലോടെ കേട്ട ആ വാർത്ത വരുത്തി വെച്ച കെടുതികൾ ഇനിയും അവസാനിച്ചിട്ടില്ല. സദ്ദാം ഹുസൈനെ തൂക്കിലേറ്റി അമേരിക്കൻ പ്രസിഡന്റ് തന്റെ കാട്ടു നീതി നടപ്പിലാക്കി. ലോകത്ത് ഭീകരത എങിനെ നടപ്പിലാക്കാം എന്നു വീണ്ടും അമേരിക്ക നമുക്കു കാണിച്ചു തന്നു. ലോകത്തെ സാമ്പത്തിക സ്രോതസ്സുകൾ കൈപ്പിടിയിൽ ഒതുക്കാൻ അമേരിക്ക കണിച്ച മറ്റൊരു നെറികേട്.

അമേരിക്കയൊടുള്ള ലോക ജനതയുടെ വിയോജിപ്പ് അമേരിക്കൻ ജനത തിരിച്ചറിഞ്ഞിരിക്കുന്നു.

ഒരു ജനാധിപത്യ പ്രക്യയയിലൂടെ പ്രസിഡന്റിനെ നാണം കേടുത്തി തോൽ‌പ്പിച്ചിരിക്കുന്നു. ചരിത്രത്തിനു ഒരു പാഠമായി ഉൾക്കൊള്ളാൻ മാത്രം ഗംഭീരമായ വിജയമാണു സദ്ദാം ഹുസൈനെ തൂക്കിലേറ്റിയ ബുഷിനു ബരാക് ഹുസൈൻ ഒബാമ നൽകിയതു. സദ്ദാം ഹുസൈനും ബരാക് ഹുസൈനും സാമ്യതയില്ലെങ്കിലും വിധിയുടെ പരിണാമം നാം മനസ്സിലാക്കണം. കറുത്ത വർഗ്ഗക്കാരായ ആഫ്രിക്കൻ അടിമകളെ ചാപ്പ കുത്തി അമേരിക്കയിലേക്കു കൊണ്ടു വന്നു, അമേരിക്കൻ തദ്ദേശീയരെ മുഴുവൻ ചതിച്ചു കൊന്ന വെള്ളക്കാരന്റെ പിന്മുറക്കു ശരിയായ ദിശാബോധം വന്നുവെന്നു ലോകത്തിനു കറുതാമോ. അന്യരുടെ ചിതയിൽ നിന്നും സ്വന്തം താല്പര്യങ്ങൾക്കു തിരികൊളുത്തുന്ന അമേരിക്കൻ ഭരണകൂടത്തിന്റെ വിദേശ നയങ്ങൾ ഇനി മാറ്റം വരുമോ. വന്നെങ്കിൽ നന്നായി . മാറ്റുവിൻ ചട്ടങ്ങളെ അല്ലെങ്കിൽ അതു നിങ്ങളെ മാറ്റൂമെന്ന് ബരാക് ഹുസൈൻ ഒബാമ ബുഷിനെ ബോധ്യപ്പെടുത്തിയിരിക്കുന്നു.

Sunday, September 28, 2008

അന്‍സാരി കാക്കയും ചന്ദപായിയും

ഹോട്ടല്‍ അന്‍സാരിയിലെ സമാവറില്‍ വെള്ളം തിളച്ചു മറിയുമ്പോള്‍ ഉണ്ണിമോയി കാക്ക തന്റെ മേശ വലിപ്പിലെ ചില്ലറ എണ്ണി തിട്ടപ്പെടുത്തുകയാണ് .
പഞ്ചസാരയും ചായപൊടിയും വാങ്ങിയിട്ടേ ഇനി ആരെങ്കിലും വന്നാല്‍ ചായ കൊടുക്കാന്‍ കഴിയൂ. മുഖത്തെ ധൈന്യത ,നിറഞ്ഞ താടിക്കുള്ളില്‍ ഒളിപ്പിച്ചു വെച്ചിരിക്കുന്ന പോലെ തോന്നും .
കണ്ണുകള്‍ കുഴിയിലാണ്ടിട്ടാനെങ്കിലും നല്ല തിളക്കമുണ്ട്.
വെളുത്തു മെലിഞ്ഞ ഉണ്ണിമോയി കാക്ക നാടുകാര്‍ക്കിടയില്‍ അറിയപ്പെടുന്നത് അന്സാരികാക്കയെന്നാണ് . അതില്‍ മൂപര്‍ക്ക് പെരുത്ത് സന്തോഷവുമാണ് .
മദീന നിവാസികളെയാണ് ഇസ്ലാമിക ചരിത്രം അന്‍സാറുകള്‍ എന്ന് വിളിച്ചിരുന്നത്.
മക്കയില്‍ നിന്നും പ്രവാചകനും അനുചരന്മാരും പാലായനം ചെയ്തു മദീനയില്‍ വന്നപ്പോള്‍ അവരെ മുഹാജിരുകള്‍ എന്നും വിളിച്ചിരുന്നു.
സഹായികള്‍ എന്നും അറബിയില്‍ അന്‍സാര്‍ എന്ന പദം സൂചിപ്പിക്കുന്നു.
പോരെ ഉണ്ണിമോയി കാക്ക സന്തോഷിക്കാന്‍ .ഒരു പാടു പേര്‍ നിത്യേന ഹോട്ടല്‍ അന്‍സാരി കയറി ഇറങ്ങും. പ്രബോധനം അന്സാരിക്ക ക്ക് ജീവ വായു പോലയാണ് . പുറത്തേക്ക് ഇറങ്ങുമ്പോള്‍ ഒരു മാസികയും കയ്യില്‍ ചുരുട്ടി പിടിച്ചിരിക്കും .മക്കളുടെ പേരിലും ചില പ്രത്യേകതകള്‍ കാണാന്‍ കഴിയും . അബ്ദുല്‍ അഹദ്, അബ്ദു സമദ് എല്ലാം ഖുറാന്‍ സ്വാധീനം . തൊട്ടടുത്ത്‌ തന്നെയാണ് പ്രസ്ഥാനം ചോരയും നീരും കൊടുത്തു വളര്‍ത്തിയ മദ്രസ്സയും അറബി കോളേജും . ഇതിനിടയില്‍ ഒതുങ്ങുന്നു ഉണ്ണിമോയി കാക്കയുടെ യാത്രകള്‍. നോമ്പ് കാലം അവസാനത്തെ പത്തില്‍ പള്ളിയില്‍ രാപാര്‍ക്കുന്ന കൂട്ടരില്‍ അന്സാരികാക്കയും ഉണ്ടാകും . നോമ്പ് അവസാനത്തെ പത്തില്‍ ഒരു ദിവസം ആയിരം മാസത്തേക്കാള്‍ മേന്മയുള്ളത് എന്ന് മുസ്ലിംകള്‍ കരുതുന്നു.മൌദൂദി സാഹിബ് എന്നയാളാണ് ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകന്‍. അയാളുടെ വാക്കുകള്‍ , ചിന്തകള്‍ ഉണ്ണിമോയി കാക്കയെ ഹരം പിടിപ്പിച്ചു. കുതുബാത് എന്ന ഒരു പുസ്തകം വായിച്ചു ഇസ്ലാമിനെ പുതിയ മട്ടില്‍ നാട്ടുകാര്‍ക്ക് പരിചയപെടുത്താന്‍ അന്സാരികാക്കയും മുമ്പില്‍ നടന്നു.അന്‍സാരി കാക്കയും ഈ നാടിന്റെ ഭരണ വ്യവസ്ഥയെ എതിര്‍ത്ത് വന്നു. ഭൂമിയില്‍ ഭരണം ദൈവത്തിനു മാത്രം. അത് കൊണ്ടു വോട്ടു ചെയ്യരുത് , അത് ഹരാമാണ്. താഗൂതുകളെ ഭരണത്തില്‍ കൊണ്ടു വരുന്നതു ദൈവ നിഷേധമാണ് , ദൈവത്തില്‍ പങ്കു ചേര്‍ക്കല്‍ അഥവാ ശിര്‍ക്ക് ആണ്.ഹോട്ടല്‍ അന്സാരിയിലെ സമാവറില്‍ വെള്ളം തിളച്ചു കൊണ്ടിരുന്നു. ചായപൊടിയും പഞ്ചസാരയും വാങ്ങാന്‍ ചെന്നാല്‍ കുഞ്ഞാലി കാക്ക ചിലപ്പോള്‍ മടക്കി അയക്കും. ഒരു പാടു മുഹാജിരുകള്‍ നാട്ടില്‍ വന്നു ചേക്കേറി . പുഞ്ചിരിയും പ്രഭോധനവും ആയി ഉണ്ണിമോയി കാക്ക കാലം കഴിച്ചു. സര്‍ക്കാര്‍ ജോലിക്ക് പോകുന്നവരെ അവര്‍ വിലക്കി . അതും ഹറാമായ കാര്യം. മക്കളെ ഉന്നത വിദ്യാഭ്യാസം നേടാന്‍ അനുവദിച്ചില്ല. തിരഞ്ഞടുപ്പ് അടുത്താല്‍ ആരും ജമായത്ത് കാരെ സമീപിക്കില്ല .അന്‍സാരി കാക്ക തന്റെ വിരലില്‍ കറുത്ത മഷി അടയാള പെടുത്താന്‍ അനുവദിച്ചില്ല.ഈ രാഷ്ട്രീയ ചുറ്റുപാടുകളില്‍ നിന്നും ജമായത്ത് ആശയക്കാര്‍ വരമ്പത്ത് കയറി നിന്നു. പ്രബോധനം വായിച്ചും പ്രച്ചരിപ്പിച്ച്ചും ഒരു ഹുകൂമത്തെ ഇലാഹി ക്ക് വേണ്ടി കാത്തിരുന്നു. കമ്മ്യൂണിസ്റ്റ് കാരെ കണ്ടാല്‍ ജമായത്ത് കാര്‍ക്കും ഉണ്ണിമോയി കാക്കക്കും ഒക്കെ പോരുകാളകളെ പോലെ യായിരുന്നു. " ദൈവ നിഷേധികള്‍ .പിന്നെയും ഒരു പാടു കാലം സമാവറില്‍ വെള്ളം തിളച്ചു കൊണ്ടിരുന്നു. ചായ അടിക്കുന്ന ആ കൈകള്‍ വിറച്ചു തുടങ്ങി .ഉണ്ണിമോയി കാക്കയുടെ ചുമ അങ്ങാടി മുഴുവന്‍ കേള്‍ക്കാമായിരുന്നു.അന്‍സാരി ഹോട്ടല്‍ നില്ക്കുന്ന കെട്ടിടത്തിനു അടുത്ത് മുകളിലെ മുറിയില്‍ ഒരു അലോപ്പതി കമ്പോടെര്‍ വന്നു. രോഗികളെ സൂചി വെച്ചു, കുപ്പിയില്‍ ഒരു ചുവന്ന വെള്ളം പോലെ ഒരു മരുന്നും നല്കി വന്നു. എന്റെ വീടിനു മുമ്പിലെ പള്ളി പറമ്പിലെ ഇടവഴിലൂറെ എന്നും രാവിലെയും ഉച്ചക്കും കുന്നും പുറത്തുള്ള വീട്ടിലേക്ക് നടന്നു പോകാറുള്ള ചന്ദപ്പയിയും ഒരു ദിവസം അവിടെ വരാതായി. നാട്ടിലുള്ള പെണ്ണുങ്ങള്‍ മന്ത്രിച്ചു ഊതാന്‍ ചന്തപായിയെ വിളിക്കും. കശുവണ്ടി കൊടുത്തു സ്കൂള്‍ കുട്ടികള്‍ ചന്തപായ് ബുള്‍ ബുള്‍ മിഠായി വാങ്ങി തിന്നു. ചന്ത പ്പയിയും ഉണ്ണിമോയി കാക്കയും തൊട്ടടുത്ത്‌ പിടികക്കാര്‍ , തൊട്ടടുത്ത താമസക്കാര്‍.ഹോട്ടല്‍ അന്‍സാരി അടുക്കളയും മുമ്പില്‍ ബോര്‍ഡും ഇളകി വീണു കുറെ കാലം അങ്ങിനെ കിടന്നത് ഓര്‍മയുണ്ട്. ഉമ്മര്‍ ഹാജിയുടെ അതെ കെട്ടിടത്തില്‍ ഒരു കൂള്‍ ബാര്‍ ഉണ്ട്. അവിടെ പ്രസ്ഥാന ബന്ധുക്കള്‍ കുറവാണ്. ഉള്ളവരൊക്കെ കമ്മ്യൂണിസ്റ്റ് മുന്നണിക്ക്‌ വേണ്ടി വീറോടെ വാദിച്ചു കൊണ്ടിരിക്കുന്നു. യുവാക്കള്‍ക്ക്പുറമെ പെന്‍ഷന്‍ പറ്റിയ മുന്ഷിമാരും . അവര്‍ പ്ലാച്ചി മടയില്‍ മൈലംമക്ക് മാല ചാര്‍ത്താന്‍ പോകാനൊരുങ്ങുന്നു.***തോട്ടിന്റെ അക്കരെ നിന്നും ഓടി കിതച്ചു വന്ന ബിച്ചുട്ട ചീനി മരത്തില്‍ കയറി ഉച്ചത്തില്‍ ബാങ്ക് വിളിച്ചു . നാട്ടുകാരെ കാഫിരുകളെ എന്ന് വിളിച്ചു.ചേക്കേറാന്‍ വന്ന കാക്ക കൂട്ടം കിഴക്ക് മാറി പോയി.********* *************

Tuesday, July 8, 2008

ammavanum ammaayiyum

അമ്മാവന്‍ ആള് വലിയ രസികനാ .വയസ്സ് ഇപ്പോള്‍ എഴുപത്തി രണ്ടു കഴിഞ്ഞു . അമ്മാവന്‍ കല്യാണം കഴിച്ചത് ഞങ്ങളുടെ തൊട്ടടുത്ത് ഗ്രാമമായ വാഴക്കാട് നിന്നാണ്. കൂട്ടുകാരന് വിവാഹോലോചന വന്നതും വാഴക്കാട് നിന്നു തന്നെ . കൂട്ടുകാരനും വീട്ടുകാരും വധുവിനെ പറ്റി ആലോചിക്കാന്‍ വന്നത് അമ്മാവന്റെ അടുത്തായിരുന്നു


" എന്താ മ്മദക്കാ നിങ്ങടെ അഭിപ്രായം ? "


"അവിടെ കാണാന്‍ കൊള്ളാവുന്ന ഒരു കുട്ടിയെ ഉണ്ടായിരുന്നുള്ളൂ. അതിനെ ഞാന്‍ കെട്ടി."


ഒട്ടും ഗൌരവം വിടാതെ അമ്മാവന്‍ മറുപടിയും പറഞ്ഞു.


അമാവനും അമ്മായിയും മാത്രമല്ല മകനും നല്ല കറുപ്പാണ് . കറുപ്പിന് അഴക്‌ ...ഓ




Thursday, July 3, 2008

ആ ഒരു നോട്ടം

വിരസമായ നാളുകളെ സരസമാക്കി
എത്ര നിസ്സാർമായി നീ കടന്നുപോയി.
നിന്റെ ഒരു നോട്ടം ഒരു ചിരി
മനസ്സിലെത്ര കുളിർ മഴ പെഴ്തു.
പൂത്തതൊന്നും പഴുക്കാതെ പോയി
മനസ്സൊരു സഹാറയായി....


( വെറുതെ ഖവാലി ശൈലി മലയാളത്തിലും ഒന്നു പരീക്ഷിക്കുന്നു.)